start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

"ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പൊക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടത്തിനു ചെത്തി വെടിപ്പാക്കുന്നു." - വി. യോഹന്നാൻ15 : 1-2

start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

Read the BIBLE with us.


Isaiah - യെശയ്യാവ്


A +  A -
1 ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക.
2 നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
3 ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.
4 അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.
5 ഞാൻ യഹോവേക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവേക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
6 യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
7 ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ.
8 നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.
9 വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
10 ഒരു ദേവനെ നിർമ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുംകയോ ചെയ്യുന്നവൻ ആർ?
11 ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നിൽക്കട്ടെ; അവർ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
12 കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുംന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.
13 ആശാരി തോതുപിടിച്ചു ഈയക്കോൽകൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വെക്കുന്നു.
14 ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളർത്തുകയു ചെയ്യുന്നു.
15 പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീർത്തു അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
16 അതിൽ ഒരംശംകൊണ്ടു അവൻ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; നല്ല തീ, കുളിർ മാറി എന്നു പറയുന്നു.
17 അതിന്റെ ശേഷിപ്പുകൊണ്ടു അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാർത്ഥിച്ചു: എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
18 അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവൻ അടെച്ചിരിക്കുന്നു.
19 ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാൻ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
20 അവൻ വെണ്ണീർ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യിൽ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.
21 യാക്കോബേ, ഇതു ഔർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നേ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല.
22 ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
23 ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുംവിൻ ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.
24 നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?
25 ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
26 ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
27 ഞാൻ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
28 കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.